പ്രകൃതിയെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റുക എന്ന സന്ദേശവുമായി ശോഭീന്ദ്ര സ്മൃതിയിൽ ‘വനശ്രുതി’ സംഘടിപ്പിച്ചു. പ്രഫ. ശോഭീന്ദ്രൻ മാഷിന്റെ മൂന്നാം ഓർമ്മദിനത്തോടനുബന്ധിച്ച് ശാന്തിഗിരി ആശ്രമ തപോഭൂമിയിലാണ് ശാന്തിനികേതന്റെ നേതൃത്വത്തിൽ പരിപാടി നടന്നത്.
ശാന്തിഗിരി മഠാധിപതി സ്വാമി ആത്മബോധ മുഖ്യപ്രഭാഷണം നടത്തി. പ്രകൃതിസംരക്ഷണം വ്യക്തിഗത ഉത്തരവാദിത്വവും വികാരവുമായി മാറണമെന്നും ഓരോ വീടും അടുക്കളത്തോട്ടവും ജലസംരക്ഷണവും മാലിന്യമുക്തമായ അന്തരീക്ഷവുമുള്ള ഹരിത ഭവനങ്ങളായി മാറണമെന്നത് ഓരോരുത്തരുടെയും സ്വപ്നമാകണമെന്നും സ്വാമി ആത്മബോധ പറഞ്ഞു.
ലോകപരിവർത്തനത്തിന് തുടക്കം കുറിക്കേണ്ടത് വ്യക്തിപരമായ മാറ്റത്തിലൂടെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശാന്തിനികേതൻ ഡയറക്ടർ ഷാജുഭായ് അധ്യക്ഷനായി. പ്രഫ. ടി.എം. രവീന്ദ്രൻ, തച്ചോലത്ത് ഗോപാലൻ, ലത്തീഫ് പറമ്പിൽ, പി. ഹേമപാലൻ, പ്രഫ. ചിന്നമ്മ, സംഗീത് ബാലചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
ശോഭീന്ദ്ര സ്മരണയ്ക്കായി നട്ടുപിടിപ്പിക്കാനുള്ള തണൽവൃക്ഷം വനമിത്ര ജേതാവ് ദേവിക സ്വാമി ആത്മബോധയ്ക്ക് കൈമാറി.
ഒക്ടോബർ 11, 12 തീയതികളിൽ പി.എൻ. ദാസ് റിട്രീറ്റ് സെന്ററിൽ ഹരിത ഭവന ശിൽപ്പശാലയും അനുസ്മരണ സമ്മേളനവും നടക്കും. എം.വി. ശ്രേയാംസ് കുമാർ ഉദ്ഘാടനം ചെയ്യും. കൽപ്പറ്റ നാരായണൻ, പ്രഫ. എം.വി. തോമസ്, പി.കെ. ഗോപി തുടങ്ങിയവർ പങ്കെടുക്കും.
